Pages

Saturday, January 24, 2009

പ്രതിസന്ധി പ്രതീക്ഷകളെ തകര്‍ക്കരുത്


പ്രതിസന്ധി പ്രതീക്ഷകളെ തകര്‍ക്കരുത്


അമേരിക്കന്‍ സമ്പദ്ഘടന ദുര്‍ബലമായതോടെ ലോകത്തിലെ രാഷ്ട്രങ്ങളധികവും സാമ്പത്തികത്തകര്‍ച്ചയിലാണ്. ഈ പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ഉണ്ടെന്ന വസ്തുത കാണാതിരുന്നുകൂടാ. അതില്‍ നമ്മുടെ ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും ഉണ്ടെന്നത് ഏറെ ആശ്വാസകരമാണ്.

പ്രതിസന്ധികള്‍ വരികയും പോവുകയുമൊക്കെ ചെയ്യും. അതിലൊന്നും ഒരിക്കലും നമ്മുടെ ജീവിതം വഴിമുട്ടി നില്‍ക്കരുത്. നമ്മുടെ ശ്രമങ്ങളും അധ്വാനവും നിലക്കുമ്പോഴാണ് ജീവിതം വഴിമുട്ടുന്നത്. അത് ഏതൊരു മനുഷ്യരിലും സംഭവിക്കുന്നത് മരണത്തോടെയാണ്.

ഈ പ്രതിസന്ധിക്കാലത്ത്, നമ്മില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കാം. കച്ചവടത്തിന്‍റെ ഗതി മാറിയേക്കാം. അതൊക്കെ ഇതിന്‍റെയൊരു ഭാഗമാണ്. വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ ഉണ്ടാവുമ്പോള്‍ നമ്മില്‍ എത്ര പേര്‍ക്ക് അപകടം സംഭവിക്കാറുണ്ട്. ജീവന്‍ വരെ നഷ്ടപ്പെടാറുണ്ട്. നാം അതിനോട് താദാത്മ്യം പ്രാപിക്കാറില്ലേ. സുഖവും ദുഖവും ജീവിതത്തിന്‍റെ ഭാഗമെന്നപോലെ, ഈ പ്രതിസന്ധിയും നാം സഹിച്ചേ തീരൂ. അതില്‍ നാം മാനസികമായി തകരുന്നതിനു പകരം, കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോവുകയും പ്രായോഗികമായി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മിലൊരാള്‍ക്ക് മരണം സംഭവിക്കുമ്പോള്‍, ജീവന്‍ നല്‍കിയ ദൈവം അവനില്‍നിന്ന് അതെടുത്തുവെന്ന് നാം പറയാറില്ലേ. അതുപോലെ, ജോലി നല്‍കുന്നത് ദൈവമാണ്. അത് നമ്മില്‍ നിന്ന് എടുക്കുവാന്‍ ദൈവത്തിന് അധികാരവും കഴിവുമുണ്ടെന്ന് നാം മനസ്സിലാക്കണം.

നമ്മില്‍ പലരും ജോലി നഷ്ടപ്പെടാത്തവരും പ്രതിസന്ധി ബാധിക്കാത്തവരുമാണ്. കൊള്ളലിന്‍റെയും കൊടുക്കലിന്‍റെയും ഒരു സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഈ സമയത്ത് സാമ്പത്തികമായി ഭദ്രതയുള്ളവര്‍ക്ക് ഉണ്ടായിത്തീരേണ്ട ഒരു സേവന മനസ്കത നാം വിസ്മരിക്കരുത്.

ഈ ഹ്രസ്വ ജീവിതത്തില്‍ നമുക്ക് ചെയ്യാവുന്ന നന്മയുടെ ചെറിയ കണികപോലും നാം പാഴാക്കരുത്. അതിനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. നാളെ നമ്മുടെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല.

ഈ പ്രതിസന്ധിയുടെ പേരില്‍, ആത്മഹത്യയുടെ വക്കിലുള്ളവരെ ഞങ്ങള്‍ക്കറിയാം. പുറത്ത് പറയാതെ എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്ന ആത്മാഭിമാനമുള്ളവരുമുണ്ട്. അവരെയെല്ലാം നമുക്ക് സഹായിക്കേണ്ടതുണ്ട്.

ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍, ആലംബഹീനരായ ഒരുപറ്റം ആളുകള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടുകയാണ്. സാമ്പത്തികമായി മാത്രമല്ല, ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അതുമല്ലെങ്കില്‍ ഒരു പുഞ്ചിരി കൊണ്ടെങ്കിലും ഒരുത്തനെ നമുക്ക് ആശ്വസിപ്പിക്കാനായാല്‍ നാം ധന്യരാണ്.

എല്ലാ വിധത്തിലുള്ള ഐക്യദാര്‍ഡ്യവും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.

ബന്ധപ്പെടുക mujeebkpatel@gmail.com